Friday 19 October 2012

തിരണ്ടു കുളി 
==============

കരയിലെ കുളിര്‍ക്കാറ്റു 
കടലിനോടോതി പോല്‍ 
മാനത്തെ വിധുവിനു ഋതുവായി 
മൂനാം നാള്‍ മുങ്ങി നിവര്‍ന്ന പെണ്ണ് 
മഞ്ഞളണിഞ്ഞു തെളിഞ്ഞ നേരം 
മാനത്തെ കടവിലെ 
മുകിലിന്റെ കുടിലിലെ 
വെണ്ണിലാ വണ്ണാത്തി പുടവ നല്‍കി
പാതിരാ വീഥിയില്‍
ആതിര നടമാടും
അമ്പിളി ദേവി കുട പിടിച്ചു
മൂവന്തി മുത്തശ്ശി
മുന്നാഴി കുങ്കുമ-
മവളുടെ നെറ്റിയില്‍ ചാര്‍ത്തി പോലും
ആയിരത്തിരി വച്ചു
താരക നാരിമാരാ-
വഴിയീവഴി നിന്നു പോലും
അമ്പാത്ത് വലതു വലതു കാല്‍ വച്ച് കേറി
അവിടെത്തെ ദേവിക്ക് തിരി തെളിച്ചു
നാളികേരം നന്നായി വലതു വച്ചു
നാളെതന്‍ നന്മക്കായ് മുട്ടറുത്തു
അഷ്ടമംഗല്യവുമാര്‍പ്പു വിളിയുമായ്
ആളിമാരൊത്തു ചേര്‍ന്നവളിറങ്ങി
പാലുള്ള മരത്തിന്റെ
കീഴേയായ് ചെന്നിട്ടു
പാലാഴി നെഞ്ചിലെക്കേറ്റു വാങ്ങി
ആ വഴി സീമയിലവളുമൊഴിഞ്ഞു പോല്‍
ആണുങ്ങളെ നിങ്ങളോര്‍ക്ക വേണം
നാളെ തന്‍ അമ്മയായ്
നാടിന്റെ നന്മയായ്
ഞാനിതാ പെണ്ണായി വിടര്‍ന്നിരിപ്പൂ

0 comments:

Followers

സന്ദര്‍ശകര്‍