രാധികാവിലാപം

Tuesday 19 July 2011

കണ്ണാ അറിയുമോ നീ എന്നേ?
ഇത് രാധികയാണ് .
വൃന്ദാവനത്തിലെ കാമിനിവേഷമഴിച്ചുവച്ച്,
യുഗസന്ധ്യകള്‍ക്കിപ്പുറം നില്‍ക്കുന്ന
പ്രേമതപസ്വിനി .!
ഇന്നിത് പ്രേമവൃന്ദാവനമല്ല
നഷ്ടസ്വപ്നങ്ങളുടെ ശമീത ഭൂമിയാണ്‌ .
ഇവിടെയെരിയുന്നത്‌
ദ്വാപരയുഗത്തിലെ ഹോമപീഠങ്ങളിലര്‍പ്പിച്ച ഹവിസ്സല്ല .
പ്രേമപൂര്‍ണതയുടെ ശവപഞ്ചാത്മകങ്ങളാണ് !
ഇന്നിവിടം
ഉര്‍വ്വരതയുടെ ഘനഹരിതാഭ
മരതക കഞ്ചുകമണിയിക്കാത്ത ,
ഊഷരതയുടെ വരണ്ട ഭൂവാണ്‌ !.
ചന്ദനമണമുള്ള മന്ദമാരുത സ്പന്ദനമേല്ക്കാത്ത ,
ഇന്ദീവരനീലിമ സുന്ദരസ്വപ്‌നങ്ങള്‍ കോര്‍ക്കാത്ത ,
വിരഹവൃന്ദാവനമാണ് !
മാകന്ദശാഖികള്‍ മടുമലര്‍ പൊഴിക്കുന്ന
മാര്‍ഗ്ഗഴിയും ,
മാമ്പൂ തിന്നു സ്വരസാധകം ചെയ്യുന്ന
മധുകോകിലങ്ങളുമിവിടെയണയാറില്ല!
ശ്യാമമേഘങ്ങള്‍ വാന നീലിമയിലുലയുമ്പോള്‍ ,
മുളങ്കാടുകള്‍ മധുരാനിലന്‍റെ
അധരപുടങ്ങളിലുടക്കിയുതിരുന്ന
കളനാദ സുഷമയില്‍ ,
ചടുലനടനമാടുന്ന മയൂഖ മിഥുനങ്ങളും
ഈവഴിയണയാറില്ല !
ഗോഷ്ടത്തിലെ ഗോവാടിയിന്നു ശൂന്യമാണ് .
ആരണ്യകം പുല്‍കിയ പൈകിടാങ്ങള്‍
വഴിതെറ്റിപോലുമീവഴിയണയാറില്ല !
നയനതീരങ്ങളില്‍ തളംകെട്ടികിടക്കുന്ന
കണ്ണുനീര്‍ തടാകങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന
ചുടുനിശ്വാസങ്ങലല്ലാതെ,
അഷ്ടപതിയുടെ രതിലയങ്ങളിവിടെ
പുളകച്ചാര്‍ത്തണിയിക്കാറില്ല
യദു കുലകാംബോജി മറന്ന യാദവകുലനാരികള്‍
വിരഹവിഷാദ സുഷുപ്തിയിലാണ് !
എങ്കിലും കണ്ണാ ,
ഈ രാധയിന്നുമുണര്‍ന്നിരിക്കുന്നു !
ഗോഷ്ടസ്വപ്നങ്ങളുടെ പിന്നാമ്പുറങ്ങളില്‍
ഒരു കാലിക്കോലും ഒരു പീലിതുണ്ടും
ഇവള്‍ കരുതി വച്ചിരിക്കുന്നു !
മാധവംപുണരാത്ത ഈ മരുഭൂമിയില്‍
"ധീര സമീരെ " പാടി ഒരു പ്രേമയമുന
അറിയാതെയെങ്കിലുമൊഴുകി വന്നാലോ !
നികുജ്ഞ്ചങ്ങളില്‍ പുഷ്പതല്പമൊരുക്കി
ഒരു മന്ദാനിലന്‍
മധുമാസത്തിന്‍റെ വരവറിയിച്ചു കടന്നു വന്നാലോ ?
കണ്ണാ ,,,അറിയുക
രാധ ഉണര്‍ന്നു തന്നെ ഇരിക്കുന്നു !

Followers

സന്ദര്‍ശകര്‍