കര്‍ക്കിടകപ്പാട്ട്

Tuesday 19 July 2011

മാരി ചൊരിയുന്നു
മാമരം തുള്ളുന്നു
മലയന്‍റെ പുരയൊക്കെ
മഴയത്തൊഴുകുന്നു!
വിളകൊയ്യാപ്പാടത്ത്
സ്വപ്നം വിതയ്ക്കുന്നു
വിലയില്ലാമോഹങ്ങള്‍
കാവലിരിക്കുന്നു

!
അണ്ടി പിണ്ടി മാങ്ങാത്തോല്
കുണ്ടിലിട്ട വെള്ളെരിക്കാ
ആടിപാടുന്ന വേടന്നു
ആവണിയില്‍ കാണിക്ക .
കാക്കവിളക്കിലെ
കരിന്തിരി നാളം
കാക്കച്ചി കൊത്തീട്ടു
തെക്കോട്ടു പാറുന്നു .
തെക്കേ തൊടിയിലെ
തെക്കോട്ടു ചാഞ്ഞോരാ -
തേന്മാവിന്‍ കൊമ്പുകള്‍
പിന്നെയും മുറിയുന്നു .
ആരോ പുഴയില്‍
പിന്ധമൊഴുക്കുന്നു
ആദ്ധ്യാത്മ രാമായണം
ചിതലു പിടിക്കുന്നു .
പൊന്നോണനാളില്‍
പൂക്കളം തീര്‍ക്കേണ്ടൊരുണ്ണിയ്ക്ക്
പിന്നെയും കണ്ണീരു നല്‍ക്കുന്നു .

കണ്ണീര്‍ക്കഴതിലമ്മ
തണ്ണീര് തേവുന്നു
വിഷമവൃത്തത്തിലച്ഛന്‍
പുലഭ്യം രചിക്കുന്നു.
മേല്‍കൂരയില്ലാത്ത
മോന്തായം നോക്കീട്ടു
മദ്യപാനി ഏട്ടന്‍ സ്വര്‍ഗ്ഗം മെനയുന്നു.
കൌമാര സ്വപ്‌നങ്ങള്‍
കാറ്റിലുലയുമ്പോള്‍ -പെങ്ങള്‍
കരളിലെ സ്വപ്‌നങ്ങള്‍
പണയം പറയുന്നു .
പൂകൈതക്കാട്ടിലെ
പുല്ലാഞ്ഞി മൂര്‍ഖന്‍
പൂലുവപ്പെണ്ണോട്
പുന്നാരമോതുന്നു .
കലികാല വൈഭവം
കാണുവാനാവാതെ
കരവാഴും തമ്പുരാന്‍
കടലു കടക്കുന്നു !
ഒരു കൊച്ചു സ്വപ്നത്തിന്‍
തണലിലിരുന്നു ഞാന്‍
ഒരുനല്ല പൊന്നോണം
വെറുതെ കൊതിക്കുന്നു

0 comments:

Followers

സന്ദര്‍ശകര്‍