ഇന്ദ്രവജ്ജ്ര

Monday 18 July 2011

ആനന്ദചിത്തര്‍ ചെറുബാലകന്മാര്‍
അമ്പാടിമണ്ണില്‍ വളരുന്ന കാലം .
ചെന്നങ്ങു നക്തഞ്ചരിയൊന്നു ശീഘ്രം
സ്തന്യം വിഷംചേര്‍ത്തു മുകുന്ദനേകാന്‍ !
  ---------------------------------

വെണ്ണക്കുടം തച്ചുതകര്‍ത്തു കണ്ണന്‍
മണ്ണില്‍ കുറേ കേളികളാടിടുമ്പോള്‍ ,
അമ്പാടി മക്കള്‍ക്കതു പുണ്യകാലം.
അമ്മയ്ക്കു നെഞ്ചില്‍ക്കുളിരാത്മഹര്‍ഷം !
---------------------------------

അഷ്ട്ടിക്കു വീട്ടില്‍ വകയില്ല തെല്ലും
കഷ്ടത്തിലാസോദരി കേണു നിത്യം
ഇല്ലത്ത് പുണ്യക്ഷയമെന്നു വന്നാല്‍
സൌഭാഗ്യ സംപ്രാപ്തി ഗൃഹത്തിനന്യം !
  ---------------------------------

ഉത്രംപിറന്നുള്ളൊരു യോഗിനീല --
പ്പട്ടാംബരംചുറ്റിയിരിപ്പു മോദം.
അയ്യപ്പദേവസ്തുതി കീര്‍ത്തനങ്ങള്‍
ഭക്തര്‍ക്കു ദു:ഖത്തിനു ശാന്തിയത്രേ!
  ---------------------------------

കണ്ണന്‍റെ മാറത്തൊരു മാലയാകാന്‍
പൂവേ ,നിനക്കെന്തൊരു ഭാഗ്യജന്മം !
വിണ്ണില്‍പ്പിറക്കുന്നതു മോക്ഷഹീനം
മണ്ണില്‍പ്പിറക്കുതൊരാത്മപുണ്യം
---------------------------------

വിണ്ണിന്‍റെ പൊന്‍താരകസൂനമായോ
കണ്ണിന്‍റെ കാഴ്ച്ചയ്ക്കൊരു പൂരമായോ
മാനത്തുവന്നങ്ങുനിരന്നുവല്ലോ
ചേലൊത്ത വിണ്‍നാരികളേവരും ,ഹായ്
  ---------------------------------

ഉണ്ണിയ്ക്കു കൂട്ടിന്നൊരു തോഴനായാ-
വിണ്ണില്‍ തിളങ്ങുന്നൊരു മാമനുണ്ടേ
മണ്ണില്‍ കളിക്കാനവനും വരുന്നൂ
പൊന്നിന്റെ താലപ്പൊലിയേന്തി നില്‍ക്കാം
..................................................... : സനല്‍ ജാതവേദസ് .

1 comments:

ആർട്ടിക്കിൾസ് said...

ശ്ലോകങ്ങള്‍ വളരെ നന്നായിട്ടുണ്ട്. ദ്രാവിഡ വൃത്തങ്ങള്‍ കുറെയൊക്കെ അറിയാം .സംസ്കൃത വൃത്തങ്ങള്‍ പഠിയ്ക്കണം എന്നുണ്ട്.. എല്ലാ വിധ ആശംസകളും.

Followers

സന്ദര്‍ശകര്‍