രാധികാവിലാപം

Tuesday 19 July 2011

കണ്ണാ അറിയുമോ നീ എന്നേ?
ഇത് രാധികയാണ് .
വൃന്ദാവനത്തിലെ കാമിനിവേഷമഴിച്ചുവച്ച്,
യുഗസന്ധ്യകള്‍ക്കിപ്പുറം നില്‍ക്കുന്ന
പ്രേമതപസ്വിനി .!
ഇന്നിത് പ്രേമവൃന്ദാവനമല്ല
നഷ്ടസ്വപ്നങ്ങളുടെ ശമീത ഭൂമിയാണ്‌ .
ഇവിടെയെരിയുന്നത്‌
ദ്വാപരയുഗത്തിലെ ഹോമപീഠങ്ങളിലര്‍പ്പിച്ച ഹവിസ്സല്ല .
പ്രേമപൂര്‍ണതയുടെ ശവപഞ്ചാത്മകങ്ങളാണ് !
ഇന്നിവിടം
ഉര്‍വ്വരതയുടെ ഘനഹരിതാഭ
മരതക കഞ്ചുകമണിയിക്കാത്ത ,
ഊഷരതയുടെ വരണ്ട ഭൂവാണ്‌ !.
ചന്ദനമണമുള്ള മന്ദമാരുത സ്പന്ദനമേല്ക്കാത്ത ,
ഇന്ദീവരനീലിമ സുന്ദരസ്വപ്‌നങ്ങള്‍ കോര്‍ക്കാത്ത ,
വിരഹവൃന്ദാവനമാണ് !
മാകന്ദശാഖികള്‍ മടുമലര്‍ പൊഴിക്കുന്ന
മാര്‍ഗ്ഗഴിയും ,
മാമ്പൂ തിന്നു സ്വരസാധകം ചെയ്യുന്ന
മധുകോകിലങ്ങളുമിവിടെയണയാറില്ല!
ശ്യാമമേഘങ്ങള്‍ വാന നീലിമയിലുലയുമ്പോള്‍ ,
മുളങ്കാടുകള്‍ മധുരാനിലന്‍റെ
അധരപുടങ്ങളിലുടക്കിയുതിരുന്ന
കളനാദ സുഷമയില്‍ ,
ചടുലനടനമാടുന്ന മയൂഖ മിഥുനങ്ങളും
ഈവഴിയണയാറില്ല !
ഗോഷ്ടത്തിലെ ഗോവാടിയിന്നു ശൂന്യമാണ് .
ആരണ്യകം പുല്‍കിയ പൈകിടാങ്ങള്‍
വഴിതെറ്റിപോലുമീവഴിയണയാറില്ല !
നയനതീരങ്ങളില്‍ തളംകെട്ടികിടക്കുന്ന
കണ്ണുനീര്‍ തടാകങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന
ചുടുനിശ്വാസങ്ങലല്ലാതെ,
അഷ്ടപതിയുടെ രതിലയങ്ങളിവിടെ
പുളകച്ചാര്‍ത്തണിയിക്കാറില്ല
യദു കുലകാംബോജി മറന്ന യാദവകുലനാരികള്‍
വിരഹവിഷാദ സുഷുപ്തിയിലാണ് !
എങ്കിലും കണ്ണാ ,
ഈ രാധയിന്നുമുണര്‍ന്നിരിക്കുന്നു !
ഗോഷ്ടസ്വപ്നങ്ങളുടെ പിന്നാമ്പുറങ്ങളില്‍
ഒരു കാലിക്കോലും ഒരു പീലിതുണ്ടും
ഇവള്‍ കരുതി വച്ചിരിക്കുന്നു !
മാധവംപുണരാത്ത ഈ മരുഭൂമിയില്‍
"ധീര സമീരെ " പാടി ഒരു പ്രേമയമുന
അറിയാതെയെങ്കിലുമൊഴുകി വന്നാലോ !
നികുജ്ഞ്ചങ്ങളില്‍ പുഷ്പതല്പമൊരുക്കി
ഒരു മന്ദാനിലന്‍
മധുമാസത്തിന്‍റെ വരവറിയിച്ചു കടന്നു വന്നാലോ ?
കണ്ണാ ,,,അറിയുക
രാധ ഉണര്‍ന്നു തന്നെ ഇരിക്കുന്നു !

പ്രേമതപസ്സു

മാലേയം മണക്കുന്ന മലര്‍തെന്നലും -നല്ല
പ്രാലേയക്കുളിര്‍ ചാര്‍ത്തും പുഴക്കടവും
മഞ്ഞുനീര്‍മുങ്ങുന്ന തെങ്ങോലയും
മഞ്ജുളഹാരമിട്ട വയലേലയും
മഞ്ഞളാടി നില്‍ക്കുന്ന ഗ്രാമഭംഗി --നീ
മുങ്ങിക്കുളിക്കുന്ന കടവില്‍ ,തീരത്ത്
കുഞ്ഞില ചാര്‍ത്തില്‍ നീ ഇന്നലെ നേതിച്ച
മഞ്ഞള്‍ പ്രസാദമിതാര്‍ക്കു വേണ്ടി ?--ഈ
രണ്ജിത ഹാരമിതാര്‍ക്കു വേണ്ടി ?

ഓളങ്ങളിളകുന്ന തീരത്ത് നിന്നു ഞാന്‍ --നിന്‍
ദൂരസൌന്ദര്യമിന്നാസ്വദിക്കെ.
വെന്‍നുര കൈകളാല്‍ നിന്മേനി തഴുകുന്ന
കല്ലോലിനിയൊരു നല്ല സഖി ---അവള്‍
കടകണ്ണ് വെച്ചെന്നെ നോക്കും കല്‍ മണ്ഡപത്തില്‍--ഞാന്‍
അന്യനായ് നിനക്കന്യനായി --നിന്‍റെ
കന്മദപ്പൂങ്കവിളില്‍ കസ്തൂരി ചാര്ത്തിക്കും
കാറ്റാകുമെന്നുടെ കളിത്തോഴന്‍ --അവന്‍
കൂട്ടുകാരൊത്തു ചേര്‍ന്ന് പാട്ടുപാടും - മുളം
കാട്ടിലെ കിളികളെന്നെ കളിയാക്കി
" നീ കൂട്ടുകാരി എന്‍റെ വീട്ടുകാരി "!

കാറ്റോടും വീഥിയില്‍
പാച്ചോറ്റിത്തണലില്‍ ഞാന്‍
സപ്നമാം പൈക്കളെ മേയ്ക്കുമ്പോള്‍ ,
മുഗ്ദഹാസംപൂണ്ടു മൂകമായ് നീങ്ങും നിന്‍
തപ്തനിശ്വാസങ്ങള്‍ ഞാനറിഞ്ഞു --നി ന്‍റെ
കൊച്ചുസ്വപ്‌നങ്ങള്‍ തന്‍ കളിത്തോഴനാവുവാന്‍
എത്രകാലം ഞാന്‍ തപസ്സിരിക്കും ?
ഒട്ടുകാലങ്ങല്‍ക്കൊടുവില്‍ നീ യെമുന്നില്‍
പ്രത്യക്ഷനാകുമ്പോള്‍ ഞാന്‍ മരിക്കും - നിന്‍റെ
തത്വസൌന്ദര്യത്തില്‍ ഞാന്‍ ലയിക്കും !
ഇന്നുതൊട്ടന്നോളമെന്‍റെ ജപമെന്നും - നിന്‍
മൂല മന്ത്രങ്ങളായിരിക്കും --അവ
എന്നില്‍ കവിതകളായിരിക്കും!

പ്രിയേചാരുശീലേ

സുഖ ശായിതേ .... മൃദുകന്യകേ ....
ഒളിവാരിദേ .....
വരൂ വാനിതില്‍ .
കളകോകിലം ഉരിയാടുമീ-
മൊഴിമുത്തുകള്‍ അതിസുന്ദരം
ശലഭാകൃതേ....  ശഭളാവൃതേ .... ....
ശലഭങ്ങളിളകുന്ന നയനസൂനങ്ങള്‍

വിരിയുന്ന മലര്‍വാടി മുഖമോമലേ !
നിറസന്ധ്യ പൂക്കുന്ന കവിളോമലേ ,
ഇളകുന്ന പുരികങ്ങളതികോമളം .


പ്രിയ ചാരുതേ ,,,
നിറവാനതില്‍
തെളിയുന്ന കരിമേഘം മുടിയോമലേ !
അധരങ്ങളോ ....അതിസുന്ദരം ..
അതിനുള്ളില്‍ തെളിയുന്ന കല തിങ്കളോ ?

ചലനങ്ങളോ ....രതിമോഹനം
നയനാമൃതം തരും നടന ലാസ്യം !


ഇളംകാറ്റിലിളകുന്നു തളിര്‍ വള്ളികള്‍ ,
തരുശാഖ തേടുന്നു ശയന മോഹേ !
അത് പോലെ നിന്‍ പ്രിയ കര വല്ലികള്‍
പുണരുവാന്‍ വെമ്പുന്നതാരെ രാവില്‍ ?
പ്രിയദേവതേ ... അണയില്ലയോ............
മദമോഹം പൂക്കുന്ന മലര്‍വാടിയില്‍


(വായിച്ച ശേഷം തെറിപറയാന്‍  വല്ലതും തോനിയാല്‍ മനസ്സില്‍ തെറിപറഞ്ഞു കൊള്ളൂ )

ഒരു പ്രണയപ്രതീക്ഷയില്‍

നിറനിലാവ് പെയ്തിറങ്ങിയ രാത്രികളില്‍
പ്രകാശകണ്ണുകള്‍ ചിമ്മി,
താരകം കാറ്റിനോട് മൊഴിഞ്ഞതും,
കാറ്റു ശലഭങ്ങള്‍ക്ക് കൈമാറിയതും.
ശലഭങ്ങളെന്‍റെ കാതിലോതിയതും
നിന്‍റെ  പ്രണയത്തെ പറ്റിയായിരുന്നു !
ആശയറ്റുറങ്ങിയ രാവുകള്‍ക്കിപ്പുറം
ചന്ദനമണമുള്ള മന്ദമാരുതസ്പന്ദനം കേട്ടു
ഞാനുണര്‍ന്ന പ്രഭാതവും നിന്‍റെ
പ്രണയപ്രതീക്ഷയില്‍ മാത്രമായിരുന്നു
അല്ലായിരുന്നെങ്കിലെന്‍റെ കുഴിമാടമെന്നെ
അസ്ഥി പുല്‍കിക്കിടക്കുമായിരുന്നു

ഒരു പ്രണയ ഗീതം

അന്തിക്ക് മുഖില്‍ മറയില്‍
ചന്ദ്രികപ്പൂ പൊന്‍പ്രഭയില്‍
ചന്ദനകാപ്പ് ചാര്‍ത്തും
സുന്ദരിയാം സ്വര്‍ണമാനെ !

ചന്തമുള്ള നീന്‍റെ മേനി
ചുംബനത്താല്‍ കടഞ്ഞെടുത്ത്
കുങ്കുമം ചാര്‍ത്തി നിര്‍ത്താന്‍
വന്നുവല്ലോ വസന്തമാരന്‍!

ആതിരകള്‍ നടന മാടും
വീഥികളെന്‍റെ സ്വന്തം
കാതരേ കടന്നു വരൂ
പാതിരാ മണിയറയില്‍ !


ചാരുതേ നിന്നെ വായ്താന്‍
ഗീതകങ്ങളേറെ യുണ്ടേ
ശാരികേ നീ അണയൂ
ഇതിലെ ഈവഴിയെ !

അന്തിക്ക് മുഖില്‍ മറയില്‍
ചെമ്പക താഴ്വരയില്‍
ചന്ദന കാപ്പ് ചാര്‍ത്തും
സുന്ദരിയാം സ്വര്‍ണമാനെ !

ശിവ ഭജനം

ചന്ദ്രശേഖര പാര്‍വ്വതീശ,
ഇന്ദുചൂടിയ പന്നഗേശ,
നൊന്തുകേഴുമെന്‍ ,സങ്കടങ്ങളെ
വെന്തു വെണ്ണീറാക്കിടേണേ .

തുംഗമേറിയ വെണ്‍മലയില്‍
അമ്പുവാഹിയെ ജടയിലേന്തി
ഇമ്പമോടെ നടനമാടും
തമ്പുരാനേ തുണയരുളു .

ദുന്ദുഭിതന്‍ ബ്രഹ്മതാളം
നെഞ്ചിനുള്ളിലെ ശംഖനാദം
രണ്ടുമൊന്നായ് ചേര്‍ന്നു വന്നാല്‍
ശങ്കരാ അതു നിന്‍ പദമായ് .

ദുഖങ്ങള്‍ ത്രിവിധങ്ങള്‍
വ്യര്‍തമാകും ജീവിതങ്ങള്‍
അര്‍ത്ഥവത്തായ് തീരുവാനായ്
അദ്രിനാഥ കൃപയരുളു .

കുണ്ടലനിയില്‍ കിടന്നുറങ്ങും
പന്നഗത്തെ നീ ഒന്നുയര്‍ത്തി -
ഷഡ്തലങ്ങള്‍ക്കപ്പുറത്തായ്
കൊണ്ടുവന്നിഹ നടനമാടുക .

ചന്ദ്രശേഖര പാര്‍വ്വതീശ
ഇന്ദുചൂടിയ പന്നഗേശ
നൊന്തുകേഴുമെന്‍ ,സങ്കടങ്ങളെ
വെന്തു വെണ്ണീറാക്കിടേണേ

കര്‍ക്കിടകപ്പാട്ട്

മാരി ചൊരിയുന്നു
മാമരം തുള്ളുന്നു
മലയന്‍റെ പുരയൊക്കെ
മഴയത്തൊഴുകുന്നു!
വിളകൊയ്യാപ്പാടത്ത്
സ്വപ്നം വിതയ്ക്കുന്നു
വിലയില്ലാമോഹങ്ങള്‍
കാവലിരിക്കുന്നു

!
അണ്ടി പിണ്ടി മാങ്ങാത്തോല്
കുണ്ടിലിട്ട വെള്ളെരിക്കാ
ആടിപാടുന്ന വേടന്നു
ആവണിയില്‍ കാണിക്ക .
കാക്കവിളക്കിലെ
കരിന്തിരി നാളം
കാക്കച്ചി കൊത്തീട്ടു
തെക്കോട്ടു പാറുന്നു .
തെക്കേ തൊടിയിലെ
തെക്കോട്ടു ചാഞ്ഞോരാ -
തേന്മാവിന്‍ കൊമ്പുകള്‍
പിന്നെയും മുറിയുന്നു .
ആരോ പുഴയില്‍
പിന്ധമൊഴുക്കുന്നു
ആദ്ധ്യാത്മ രാമായണം
ചിതലു പിടിക്കുന്നു .
പൊന്നോണനാളില്‍
പൂക്കളം തീര്‍ക്കേണ്ടൊരുണ്ണിയ്ക്ക്
പിന്നെയും കണ്ണീരു നല്‍ക്കുന്നു .

കണ്ണീര്‍ക്കഴതിലമ്മ
തണ്ണീര് തേവുന്നു
വിഷമവൃത്തത്തിലച്ഛന്‍
പുലഭ്യം രചിക്കുന്നു.
മേല്‍കൂരയില്ലാത്ത
മോന്തായം നോക്കീട്ടു
മദ്യപാനി ഏട്ടന്‍ സ്വര്‍ഗ്ഗം മെനയുന്നു.
കൌമാര സ്വപ്‌നങ്ങള്‍
കാറ്റിലുലയുമ്പോള്‍ -പെങ്ങള്‍
കരളിലെ സ്വപ്‌നങ്ങള്‍
പണയം പറയുന്നു .
പൂകൈതക്കാട്ടിലെ
പുല്ലാഞ്ഞി മൂര്‍ഖന്‍
പൂലുവപ്പെണ്ണോട്
പുന്നാരമോതുന്നു .
കലികാല വൈഭവം
കാണുവാനാവാതെ
കരവാഴും തമ്പുരാന്‍
കടലു കടക്കുന്നു !
ഒരു കൊച്ചു സ്വപ്നത്തിന്‍
തണലിലിരുന്നു ഞാന്‍
ഒരുനല്ല പൊന്നോണം
വെറുതെ കൊതിക്കുന്നു

വരവേല്‍പ്പിനായ്



ഗുണവാരുണേ......
പ്രിയ കൈരളി ........
അണയുന്നു ഞാന്‍.......അഭിലാഷമായ് .....
മനതാരില്‍ തെളിയുന്ന മോഹങ്ങളായ്
പ്രിയ ചാരുതേ.......
വരവേല്‍ക്കുമോ .....?
ഒരു താലപ്പൊലിയേന്തി വരവേല്‍ക്കുമോ !
തിരുകൈയ്യില്‍ നിറദീപതെളിനാളമായ്
ഗുണശാലിനി ....
അണയില്ലയോ ....
ഞാന്‍ നിന്നില്‍ പദമൂന്നും നിറസന്ധ്യയില്‍
വരകൈരളി ...
വിതറില്ലയോ ...
പ്രിയമേറും വര്‍ണങ്ങളെന്‍ വീഥിയില്‍
കേരങ്ങളെ ......തിറയാടുക
ഞാന്‍ നീങ്ങും പാദകള്‍ക്കിരുഭാഗവും


തിരുവാതിരേ .....
പ്രിയദേവതേ .....
തിരുമുറ്റത്തൊരുകോണില്‍ നീയാടുക
തങ്കക്കസവിന്‍റെ പുടവകള്‍ ഞൊറിചാര്‍ത്തുക
പ്രിയപൂക്കളേ........ മിഴിനീട്ടുക
തിരുവോണപ്പുലരിക്ക് നിറകാഴ്ചയായ്
പൊന്നും കസവിട്ടവയലേല ജതി പാടുക


പ്രിയ മുത്തശ്ശി .....പടിഞ്ഞാറ്റയില്‍
രാമായണാമൃതം കഥ പാടുക
എന്‍ നന്മയെ .......
പൊന്നമ്മയെ ..........
കര്‍ണ്ണികാരത്തിന്‍റെ പൊന്‍ശോഭയായ്
അമ്മയ്ക്കു മുന്നിലൊരു പൊന്‍കാഴ്ചയായ്
അണയുന്നു ഞാന്‍
പ്രിയ കൈരളി
നിറതാലപ്പൊലിയേന്തി വരവേല്‍ക്കുക !!!!

മാധവ പരിവേദനം

അമ്പാടിയില്‍ അക്രൂര വാഹനം
വന്നുനിന്നത് ആരുമറിഞ്ഞില്ല
ഗോപാലവൃന്ദങ്ങള്‍ എം എന്‍ സികളില്‍
ജോലിക്ക് പോയിരിക്കുന്നു
ഗോപികമാര്‍ ചാറ്റിങ്ങിലും ബ്രൌസ്സിങ്ങിലുമൊക്കെയാണ്
പൈക്കലെയെല്ലാം അമ്മ ഇന്നെലെതന്നെ
മമ്മദ് ഇക്കയ്ക്ക് വിറ്റു,
കയറു കൂലി പോലും ചോദിച്ചു വാങ്ങിയതറിഞ്ഞു!
പാന്‍സും ഷര്‍ട്ടും ഇട്ടു ഇറങ്ങിയപ്പോള്‍
യാത്രയയക്കാന്‍ അമ്മയെ കണ്ടില്ല.
"അയല്‍കൂട്ടത്തിന്നു  പോയീന്നു തോനുന്നു "
ചുണ്ടിനു പുറത്തോട്ടൊലിച്ച മുറുക്കാന്‍ചാറു കൈകൊണ്ടൊതുക്കി
നാരാണിയേട്ടത്തി ചിരിച്ചു
രാധികയെ ഫോണില്‍ വിളിച്ചു..
ഏതോ ഫ്രണ്ട് ഓണ്‍ലൈന്‍ ഉണ്ടത്രേ
വന്നിട്ട് കാണാമെന്നു. !
ഗോപികാ വിലാപങ്ങളില്ല
കണ്ണീര്‍ പ്രവാഹങ്ങളില്ല
പടിയിറങ്ങി...
"രാധയെവിടെ ?"
തെങ്ങിന് ചാണകം ഇടാന്‍ വന്ന സുഗതേടത്തി !
ചോദ്യം കേട്ടില്ലെന്നു നടിച്ചു .
വേലിപടര്‍പ്പില്‍ ചകോര മിഥുനങ്ങള്‍
പരസ്പരം നോക്കിയൊന്നു ഇരുത്തി മൂളി
ശുഭ ലക്ഷണം തന്നെ!
ഏതായാലും
പത്തു കായുണ്ടാക്കി തിരിച്ചു
മധുവന സീമയണഞ്ഞപ്പോള്‍ അറിഞ്ഞു
രാധികസ്വയവരം കഴിഞ്ഞത്രേ !
പിന്നിടെപ്പോഴോ വഴിയില്‍ കണ്ട കൂട്ടുകാരനോട്
അവള്‍ മൊഴിഞ്ഞു പോലും
"ഇതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ......"

ശ്രികൃഷ്ണ ഗീതകം

നൊന്തുകേഴും മനസിനു-
ബന്ധുവായുള്ള കൃഷ്ണ,
സന്തതം കൃപയരുളു
സങ്കടം മാറാന്‍ .


അന്തിയില്‍ വിരിയുന്നൊരു
ചന്തമില്ലാപൂക്കള്‍ പോലും
നിന്‍ തിരുമാറണഞ്ഞിടില്‍
എന്ത് ഭംഗി , ഹാ !


അന്തണരാം ജനങ്ങള്‍ക്ക് -
യേകബന്ധുവായ തവ
അന്ഗ്രി പങ്കജങ്ങളല്ലോ
അഭയ സ്ഥാനം .


വൃന്ദവന നികുഞ്ജത്തില്‍ -നിന്‍
അന്തികത്തണയാറുള്ള
സുന്ദരിയാം രാധയെക്കാള്‍
സുഭാഗ്യവാന്‍ ഞാന്‍ !


എന്തുകൊണ്ടെന്നാല്‍ തവ
ഗീതകം പഠിക്കുവാനായ്
സംഗതി വന്നതില്‍ പരം
സൌഭാഗ്യമുണ്ടോ ?


വെന്തു വെണ്ണിറായീടുന്ന
ദേഹമാണു ഞാനിതെന്നു
ചിന്തയില്‍ നിരൂപിച്ചതെ-
ഹ, എത്ര വിചിത്രം


ഗാത്രമാകും ക്ഷേത്രം തന്നില്‍
കീര്‍ത്തിമാനായ്‌ വിളങ്ങുന്ന

പാര്‍ഥിപനെയറിയുവോര്‍
എത്ര ചുരുക്കം !


കുങ്കുമം ചുമക്കുന്നൊരു
ഗര്‍ദ്ദഭത്തെയെന്നപോലെ
തന്നിലിരിക്കുന്നമൂല്യ

വസ്തുവെന്തെന്നറിയാതെ
യങ്ങുമിങ്ങും തിരിയുന്നു

അവിദ്യയാലേ

ജ്ഞാനിയെന്ന (ഞാന്‍ , നീ ) ഭാവമോക്കെ
വെക്കമങ്ങു വെടിഞ്ഞിട്ട്‌
ഞാനും നീയും ഒന്നെന്നറിഞ്ഞാല്‍ -നീ
ജ്ഞാനിയായീടും


നൊന്തുകേഴും മനസിനു-
ബന്ധുവായുള്ള കൃഷ്ണ
സന്തതം കൃപയരുളു
സങ്കടം മാറാന്‍  ,

കണിതേടുന്ന കനവുകള്‍

മുറുക്കിച്ചുവപ്പിച്ച ചുണ്ടില്‍
ശ്രിന്ഗാര വിരുന്നൊരുക്കിയ പനംതത്തകളെ ,
ഞാന്‍
ഗ്രീഷ്മാതപമേറ്റ് തളര്‍ന്ന് ,
മറുതീരം തേടുന്ന വാനമ്പാടി.
ഒരിറ്റു ദാഹജലം തരാതെ കടന്നുപോയ
വന്ദ്യമേഘങ്ങളേ ,
നിങ്ങള്‍ക്കെന്‍റെ സ്വസ്തി.
സ്വപ്ന വാനങ്ങളില്‍
മേഘധനുസ്സ് ചാര്‍ത്തിച്ച കാപട്യമേ
അരുത് ,
നിങ്ങള്‍
വെറുതെ പോലും
ഈ വനമ്പാടിയെ പിന്തുടരരുത് .
കാക്കക്കാലിനു തണലില്ലാത്ത ഈ മരുക്കാട്ടില്‍
ഇരവു കനക്കുമ്പോള്‍
ഞാന്‍
നിങ്ങളെ ഓര്‍ത്തു പാടാം !
പരിണയ സ്വപ്നങ്ങളില്‍
നോവുപെയ്തിറക്കിയ
പരിരംഭനമറിയാത്ത കറുത്തരാവുകളെ ,
നിങ്ങള്‍ക്ക് വിട .
ഇരവിന്‍റെ വരണ്ട നിനവുകളില്‍ പുലര്‍മഞ്ഞു
കനവു കണ്ടുറങ്ങിപ്പോയ പ്രഭാതയാമങ്ങളെ,
നെറുകയില്‍ നിറക്കുട്ട് ചാര്‍ത്തി ,
വിളിച്ചുണര്‍ത്താന്‍
എനിക്കായൊരു പ്രഭാതം വിരിയുകില്ലെന്നോ?
കുളിച്ചു കുറിയിട്ട് സപ്രമഞ്ചത്തില്‍
പുഷ്പതല്പമൊരുക്കാമെന്നു പറഞ്ഞ
പുലര്‍കാല കന്യകേ ,
ഈ മരുഭുമികയില്‍ നീ എനിക്ക് അന്യ .
വേലിപ്പടര്‍പ്പില്‍ കല്യാണം കൈനോക്കിചൊല്ലിയ കാക്കാത്തിപുള്ളേ ,
നിനക്കിരിക്കട്ടെ എന്‍റെ ഈ വിഷുക്കൈനീട്ടം,
എരിഞ്ഞടങ്ങുമീ ഗ്രീഷ്മത്തിനപ്പുറം,
ആഷാഡ മേഘങ്ങളില്‍
ആദ്യവര്‍ഷമായ് അവള്‍ പെയ്തിറങ്ങുമോ?
മലര്‍വാകകള്‍ പുക്കുന്ന മേടുകള്‍ക്കപ്പുറം
അവളെനിക്കായൊരുക്കുമോ ഒരു വിഷുപ്പൊന്‍കണി

ഉത്തരാധുനീമല്ലാതെ വിരിഞ്ഞ മുട്ട

കൂട് വച്ചതും
അടയിരുന്നതും
മുട്ടവിരിഞ്ഞു പുറത്തു വന്നതുമെല്ലാം
പഴയ പോലെ തന്നെ!
കൂടിനു വെളിയില്‍
കുഞ്ഞു കഴുത്തു പുറത്തിട്ടു
പേടിയോടെ
അമ്പരന്നു
വിശ്വലോക ദര്‍ശനം കാണ്കെ
അത് വഴി വന്ന
ഉത്തരാധുനീക കവിഭീകരന്‍
കുഞ്ഞുശരീരം
പുറത്തേക്ക് വലിച്ചെടുത്തു
നിലത്തേക്ക്
വലിച്ചെറിഞ്ഞു
മെതിയടിയാല്‍ നിലത്തിട്ടെരിച്ചു!
വിരിഞ്ഞതില്‍ ഉത്തരാധുനീകത ഇല്ലെന്നു
പറഞ്ഞു
നടന്നുപോയി

കസവുതട്ടമിട്ട മാവ്

ആലക്കത്തെ
കസവുതട്ടമിട്ട മാവിന്റെ
കരിവളയിട്ട കൊമ്പ്
ഇല്ലപ്പറമ്പിലേക്ക്
നീണ്ടു വരാന്‍ തുടങ്ങിയപ്പോഴാണ്
തെക്കേപറമ്പിലെ പുളിമരകൊമ്പ്
അതിനെ പുണരാന്‍ തുടങ്ങിയത്
'പൊന്നുകായ്ക്കണ മരായാലും
പൊരക്ക്‌ ചാഞ്ഞ മുറിക്കണംന്നല്യെ ഗോവിന്ദാ
ഉണ്ണിവിരിഞ്ഞാ പിന്നെ
മുറിക്കണതു പാടാ'
മരാത്തെ ശങ്കരന്‍കുട്ടി
'പോരത്തേനു ഹീനജാതി മാവാ
ഒടിഞ്ഞു വീഴാനെളുപ്പോം '
ഉമ്മറപടിയിലൂടെ തല പുറത്തേക്കിട്ടു
ആത്തോലും പിന്താങ്ങി
മമ്മത് മാപ്ലയോട് പറഞ്ഞു
മങ്കൊമ്പ് മുറിച്ചുമാറ്റിയ ആശ്വാസത്തിലാ
അന്നുരാത്രി
achan
ഉറങ്ങാന്‍ കിടന്നത്
പിറ്റേന്ന്
കാലത്ത്
അടിച്ചു തെളിക്കാനുണര്‍ന്ന
രേവചിറ്റയാണത്രെ കണ്ടത്
തെക്കേ പറമ്പിലെ പുളിന്കൊമ്പില്
ആലക്കത്തെ
ആമിനേന്‍റെ
പട്ടുപാവാടയും
ഇല്ലത്തെ ഹരീഷ്ണന്‍റെ
കസവുമുണ്ടും
കൂടെ
നാലു പാദങ്ങളും
തൂങ്ങിയാടുന്നത്

ശ്വാനവേദനകള്‍

എന്നെ അറിയുമോ നിങ്ങള്‍
ഞാന്‍
നിങ്ങള്‍ക്ക് സുപരിചിതനായ
ഒരു ചാവാലിപ്പട്ടി.
നിങ്ങള്‍
കല്ലെറിഞ്ഞോടിക്കുന്ന നികൃഷ്ടജന്മം
നാക്കു നീട്ടി നീരൊലിപ്പിച്ചു ,
തെരുവുതോറുമോടി നടന്നു ,
കവലകളിലെ
സ്തൂപങ്ങളിലും
രക്ത സാക്ഷി മണ്‍ഡപങ്ങളിലും
കാലുപൊക്കി മുള്ളിഒഴിച്ച്,
വെള്ളമൊഴിച്ചു ശുദ്ദിചെയ്യാതെ,
വീണ്ടുമോടുന്ന വൃത്തികെട്ടവന്‍ .
ദൈവീക ഗ്രന്ഥങ്ങളോ വേദോപനിഷത്തുക്കളോ ,
വരദാനമായിക്കിട്ടാത്ത അറാമ്പെറപ്പ്!.
വിവേചനം കാണിച്ച ദൈവത്തിനുസ്റ്റുതി !.

ഞാന്‍
കല്ലേറു പാരമ്പര്യ സ്വത്തായിക്കിട്ടിയവന്‍ .
എറിങ്ങവരോടും
ഏറ്റുവാങിയ കല്ലുകളോടും
പരാതിയേയില്ല!
ഏറാന്മൂളാനാളില്ലെങ്കില്‍
ഏറുകൊണ്ടല്ലെ പറ്റു.
എറിയുന്നവനേയും,
ഏറു കൊള്ളുന്നവനേയും
ഒപ്പംരസിപ്പിക്കന്‍ ഞാനാര് ?,
നട്ടപിരാന്തനോ?
നാറാണത്ത് ഭ്രാന്തനോ ?

സ്റ്റൂപങ്ങള്‍ പണിതുയര്‍ത്താന്‍
ഞങ്ങളില്‍
വീരജന്മങ്ങല്‍ കടന്നു പോയിട്ടില്ല.
കള്ളനോടും കാമുകനോടും
ഞങ്ങള്‍ക്കൊരേഭാഷ.
എറിയുന്നവനെ പലപ്പൊഴും
തന്തയ്ക്കും തള്ളയ്ക്കും വിളിക്കാറുണ്ട്!
പദവിന്യാസത്തിലെതാളക്രമം മനസിലാവാത്തത്,
താളബോധമില്ലാത്ത
നീന്‍റെ മനസ്സു കാരണം.

അധിനിവേശം ചെയ്യപ്പെടുന്ന
എന്‍റെ കിടപ്പറയില്‍
നീ ആടുന്നത്
ഭാദ്രമാസത്തിലെ
എന്‍റെ
രാപ്പകലുകളെക്കാള്‍ മെച്ചമായി!
എന്നിട്ടും
ഞാന്‍ മാത്രം സംസ്കാരശൂന്യന്‍
ഒരുചാണ്‍ വയറിനുവേണ്ടിയുള്ള പിടച്ചലില്‍
നീ എറിഞ്ഞുടക്കുന്നത് എന്‍റെ വലം കണ്ണ്
അരിഞ്ഞുവീഴുന്നത് എന്‍റെ വലങ്കൈ

എന്നിട്ടും നിന്‍റെ വേദന്തം
" അബ്രഹാമിന്‍റെ മക്കള്‍ക്ക് വച്ചത് പട്ടികള്‍ക്ക് ഇട്ടുകൊടുക്കാനോ?!"

എങ്കിലും അറിയുക
നിന്‍റെ മേശയ്ക്കു കീഴെ
എന്‍റെ വര്‍ഗവും പുലരുന്നു!.
നീ ഭുജിച്ച വിശുദ്ദഭോജനത്തിന്‍റെ ശേഷിപ്പ്
കുപ്പതൊട്ടിയിലെനിക്ക് വിരുന്നൊരുക്കുന്നു !

നടുറോഡില്‍ തലതകര്‍ന്നു മരിക്കുന്നതിനുമുന്‍പ്,
തലമുറകള്‍ക്കായി,
ഒരു മഹാവാക്യം?
ഒരു വീര്യപ്രവര്‍ത്തി ?

വേണ്ട,
ചുമ്മാ കുരയ്ക്കുക ആണല്ലോ
എന്‍റെ കര്‍മ്മം
" നന്നായി ചെയ്യുന്ന അന്യധര്‍മ്മത്തെക്കാള്‍
സ്വധര്‍മ്മം മഹത്തരം"

ജനിമൃതികളിലൂടെ ,
ജന്മജന്മാന്തരങ്ങളിലൂടെ,
ഞങ്ങളും കടന്നു പോകട്ടെ,
സ്വധര്‍മ്മം അനുഷ്ട്ടിച്ച്,
(ഇല്ല , സാഹിത്യ ഭാഷ വേണ്ട
മോങ്ങലില്‍  കവിതയില്ലെന്ന് പറഞ്ഞു
ബുദ്ദി ജീവികള്‍
കല്ലെറിഞ്ഞാലോ )
ചുമ്മാ കുരയ്ച്ചു
പാളയത്തിനു പുറത്ത്
ജാതികള്‍ക്കായൊരുക്കിയ
അഗ്നിനരകത്തിലേക്ക്

വസന്തതിലകം

നീതന്നെയൂഴിയിലെനിക്കൊരുതാങ്ങു തായേ
നീറന്ന ജീവിതപദങ്ങളിലാശ്രയിക്കാന്‍ .
നേരുള്ളമാര്‍ഗ്ഗമതുകാട്ടിനയിച്ചു , മായേ -
നീണാള്‍ വസിക്കുവതിനായിയനുഗ്രഹിക്കൂ.

=========================


മണ്ണില്‍പ്പിറന്നുദിനമെത്രകഴിച്ചു കഷ്ടം
പുണ്യംതരുംഹരിയുടെ സ്തുതിപാടിടാതേ.
മുന്നില്‍ദിനങ്ങളിനിയെത്രപെരുത്തു? കണ്ണാ ,
നീണാള്‍ വസിക്കുവതിനായിയനുഗ്രഹിക്കൂ
==============================
അച്ഛന്‍ പറഞ്ഞതൊരുതത്വമതെത്രകൃത്യം
കൊച്ചേ പഠിക്കുക നിനക്കൊരു ഭാവിയുണ്ടാം
കേള്‍ക്കാതെ പോയതൊരുമാത്രയതോര്‍ത്തു പോയാ-
ലെന്നുള്ളമിന്നു പിടയാനിടവന്നിടുന്നൂ

ശാലിനി

Monday 18 July 2011

ഏറെക്കാലംപാര്‍ത്തു നാമിന്നു വന്നീ -
യാറിന്നോരത്തിങ്ങു വിശ്രാന്തിയേല്‍പ്പൂ
ചാറിച്ചാറിപ്പെയ്യുവാന്‍ മേലെവാനില്‍
കാറുണ്ടെങ്കില്‍ പോയിടാം വേഗമിപ്പോള്‍
============================
പേറിന്നായ് കന്നിയ്ക്കു നോവേറ്റുപാരം
ഏറേനേരം വൈകിയാസ്പത്രിയേറ്റാന്‍
ഏറും നോവിന്നായിയെന്താണുപായം ?
കാറുണ്ടെങ്കില്‍ പോയിടാം വേഗമിപ്പോള്‍
======================
ഏറെപ്പാടാണെന്‍റെയീനാട്ടിലെത്താന്‍
നേരാംവണ്ണം ബസ്സുകിട്ടില്ല കഷ്ടം !
ദൂരേയ്ക്കുള്ളീയാത്രയേറെ പ്രയാസം
കാറുണ്ടെങ്കില്‍ പോയിടാം വേഗമിപ്പോള്‍
========================
തീച്ചാമുണ്ടിക്കാവിലെപ്പൂരമല്ലോ
തീയാട്ടത്തിന്മോദമാഹ്ലാദഘോഷം .
തീകൊണ്ടേറെപ്പന്തമാടുന്നു കാവില്‍
തീത്തുള്ളാനാതെയ്യമോടുന്നു ധീരം!

ശ്രഗ്ദ്ദര

ഒട്ടേറെപ്പാടുപെട്ടിട്ടൊരു ഭവനമതുണ്ടാക്കുവാന്‍ ലോണെടുത്തി --
ട്ടയ്യോ!യിന്നാപ്പിലായി,ത്തവണകളിനിയും കെട്ടുവാന്‍ ബാക്കിനില്‍പ്പൂ
ജപ്തിക്കായാളുവന്നാല്‍ പറയുവതിനിയെന്തെന്നതോര്‍ത്തിട്ടു വയ്യേ
പറ്റിപ്പോയ് കഷ്ട മെന്താണൊരുവഴി , വഴിയാധരമായ്പ്പോകുമോഞാന്‍ .
=============================================
കാണംവിറ്റിന്നുപെണ്ണേ ചെലവധികമതില്ലെങ്കിലും ,നിന്‍റെ വേളി-
ക്കോണത്തിന്‍ന്നാളുനല്ലൂ , പുടവകനകമെല്ലാമെടുത്തീടുവാനായ് .
വേണംമോദംമനസ്സില്‍ ,വിഷമമരുതുനിന്നുള്ളമേറെപ്പെരുത്ത -
ങ്ങൂനം പറ്റാതെനോക്കൂ, സകലതുമതിനാല്‍ നേരെയായ് വന്നുചേരും
!

ദ്രുതവിളംബിതം

കുസുമകാന്തിസമാനതയുള്ളൊരാ--
സുഷമഗാത്രമതേറെമനോഹരം.
വിഷമമെന്തു,വരിക്കുക നീ മനോ-
ഹരി, മനസ്സില്‍ മറിച്ചൊരു ചിന്തയോ?
======================

മലയമാരുതശീതള ചുംബനം
തരളയൌവനമാര്‍ന്ന കളേബരം.
തനുതകര്‍ത്തു മദാന്ധമനോരഥം
ഹരിമനസ്സില്‍ മറിച്ചൊരു ചിന്തയോ?

=======================

 യമുനാതന്നുടെ സുന്ദരഭൂമിയില്‍
യുവതിരാധിക പാര്‍ത്തതികാമിതം.
പ്രണയകൌമുദി പൂത്തൊരുരാവതില്‍
ഹരിമനസ്സില്‍ മറിച്ചൊരുചിന്തയോ ?

മഞ്ജുഭാഷിണി

യദുവിന്‍റെ വംശമതിലേറ്റവും മഹാ -
നൊരുവന്‍റെ ഗീതയതുനല്ല പുസ്തകം .
ചെറുതല്ല കാര്യമതുമര്‍ത്യരക്ഷചെ-
യ്തരുളും സുശാന്തിയതിനില്ലസംശയം !
==========================

 ഗുരുവിന്‍റെ പാദകമലങ്ങളില്‍നമി-
ച്ചുണരുന്നയാള്‍ക്കു തുണവേറെയെന്തിനായ്.
ഗുരുതന്നെ ദൈവസമനാര്‍ക്കുമോര്‍ക്ക നീ
പ്രണമിക്ക ,ലജ്ജയതുവേണ്ടൊരിക്കലും !

രഥോദ്ധത

പൂത്തുലഞ്ഞു വളരുന്നു കാനനം
ആര്‍ത്തുപെയ്തു തെളിയുന്നു വാനവും .
നെല്ലുകൊയ്തു തിറതുള്ളുമാളുകള്‍ -
ക്കോണമിങ്ങുവരവായിതാ സഖേ !

=========================
അത്തമന്നുമുതലെണ്ണിടുന്നു ഞാന്‍
പത്തുനാള്‍പ്പിറവി വേഗമെത്തുവാന്‍.
ഒന്‍പതാംദിവസമിന്നുതീര്‍ന്നു, പൊ -
ന്നോണമിങ്ങുവരവായിതാ സഖേ!

പഞ്ചചാമരം

ഒഴിഞ്ഞപാടമൊക്കെയുംനികത്തിഞാന്‍പടുത്തിടു-
ന്നുയര്‍ന്നദന്തഗോപുരങ്ങളെത്രയോമനോഹരം
തകര്‍ന്നുപോകുമിപ്രദേശമൊക്കെയും വൃഥാവിലെ-
ന്നിടയ്ക്കുതോന്നിയെങ്കിലെന്റെയല്ലകുറ്റമോര്‍ക്കെടോ .

==================================
അറിഞ്ഞിടും പദങ്ങളൊക്കെയങ്ങുവച്ചുചാര്‍ത്തിഞാന്‍-
ഞ്ഞെളിഞ്ഞിടുന്നു,കാവ്യഭംഗിഎന്നിലെത്രമെച്ചമേ!
പറഞ്ഞിടുന്നകാര്യമൊക്കെയെത്രകണ്ടുസത്യമെ-
ന്നിടയ്ക്കുതോന്നിയെങ്കിലെന്റെയല്ലകുറ്റമോര്‍ക്കെടോ

ഭുജംഗപ്രയാതം

വെടിക്കെട്ടു വാനില്‍ വരയ്ക്കുന്നു ചിത്രം
നിറഞ്ഞാടുമാഹ്ലാദമാഘോഷപൂരം
തിടംബുള്ള കൊമ്പന്‍റെ മുമ്പേറെ മേളം
തിടപ്പള്ളിമാരാര്‍ക്കു തീരാത്ത വീര്യം

-------------------------------------
ധൃതിപ്പെട്ടു മുങ്ങിക്കുളിച്ചിട്ടു വായോ
നിറസ്സന്ധ്യപൂത്താല്‍ ജപിക്കേണ്ടെ നാമം
അകപ്പൂവു ഭക്ത്യാലൊരുക്കുന്ന നമ്മേ
മറക്കില്ലയീശന്‍,തരും ഭാഗ്യപൂരം.

-------------------------------------
മുടിക്കെട്ടുതെല്ലൊന്നഴിച്ചും തപിച്ചും
മിഴിപ്പൂവില്‍ ബാഷ്പം നിറയ്ക്കുന്ന രാധേ,
വിഷാദം വരിക്കാന്‍ നിനക്കെന്തു ന്യായം?
നിനക്കിഷ്ടമുള്ളോനിരിപ്പുണ്ടു തീരേ.

--------------------------------------

ഇടയ്ക്കൊട്ടുനേരം കരഞ്ഞിട്ടു വേഗം
പണിപ്പെട്ടൊതുക്കിച്ചിരിക്കുന്ന തായേ .
പണപ്പെട്ടിയില്‍ സ്വാഭിമാനം വെടിഞ്ഞാല്‍
ശവപ്പെട്ടിപോലും തുണക്കില്ലയന്ത്യേ

വൃത്തം ഭുജംഗപ്രയാതം

മഴക്കാലമായാല്‍ പെരുത്താണു കഷ്ടം"!


ഇടയ്ക്കല്‍പ്പനേരം ശമിച്ചിട്ടു വീണ്ടും
നിറുത്താതെപെയ്യുന്ന പേമാരി കാണ്‍കെ
വെറുപ്പോടെയമ്മൂമ്മ ചൊല്ലുന്നു , "ശല്യം
മഴക്കാലമായാല്‍ പെരുത്താണു കഷ്ടം"!

തളംകെട്ടിനില്‍ക്കുന്ന വെള്ളത്തിലല്ലോ
വളര്‍ന്നങ്ങു വാഴുന്നു കൂത്താടിയേറ്റം .
പരത്തുന്ന രോഗങ്ങളെല്ലാം വിചിത്രം
മഴക്കാലമായാല്‍ പെരുത്താണു കഷ്ടം !

കുലംകുത്തിപായുന്നൊരാറിന്‍റെയോരം
കുടുംബങ്ങളൊട്ടേറെ പാര്‍ക്കുന്ന തീരം.
പുഴക്കക്കെരെയ്ക്കെത്തുവാന്‍ മാര്‍ഗ്ഗമന്യം -
മഴക്കാലമായാല്‍ പെരുത്താണു കഷ്ടം !

വൃത്തം : ഭുജംഗപ്രയാതം

പ്രണയ രാധിക



യമുന തന്നുടെ സുന്ദരഭൂമിയില്‍
യുവതി രാധിക പാര്‍ത്തതികാമിതം .
തരള യൌവനമാര്‍ന്ന കളേബരം
തപനമാര്‍ന്നു മദോന്മദചിന്തയാല്‍ !

നടന രാധിക മോഹിതയായിപോല്‍
നറുനിലാവു പരന്നൊരു രാത്രിയില്‍
ചപല യൌവന മോഹമനോരഥം
ചിറകുവച്ചു പറയുന്നതവാനിലായ്‌ .

മലയമാരുത ശീതള ചുംബനം
കുളിരണിഞ്ഞു മനോഹരമാധവം .
വിരഹ വേദനയാര്‍ന്നൊരു മാനസം
തളിരണിഞ്ഞു നിരാശനികുഞ്ജകം .

പ്രണയ കൌമുദി പൂത്തൊരുരാവുതന്‍
പ്രഥമസംഗമ വേദിയിലഭേദ്യമായ് ,
മദന മാധവനോടിണ ചേരുവാന്‍
യുവതി ഗോപിക പോയതിമോഹിതം .

യദുവധൂജന വല്ലഭനായവള്‍
കുസുമഹാരമൊരുക്കി മനോഹരം .
പിടയുമാമിഴിതന്നുടെ കോണിലായ്
കരുതി സുന്ദര കാമനസൂനവും .

നഭസു തിങ്ങിവിളങ്ങിനതാരകം
ചിരിയൊതുക്കിയ സുന്ദരവേളയില്‍ ,
അവളണഞ്ഞുപറഞ്ഞിതു ,യാദവാ
പുണരുകീരതി കന്യകതന്നുടല്‍ .

യതിമനസ്സു തളിര്‍ത്തയാമമായ്
ഹരി ,വപുസ്സുപുണര്‍ന്നതിഗാഡമായ്‌
പ്രണയരാധികേ ചേരുകജീവനില്‍
പടരുകാത്മ രതിക്കനുകൂലമായ്!

ഇന്ദ്രവജ്ജ്ര

ആനന്ദചിത്തര്‍ ചെറുബാലകന്മാര്‍
അമ്പാടിമണ്ണില്‍ വളരുന്ന കാലം .
ചെന്നങ്ങു നക്തഞ്ചരിയൊന്നു ശീഘ്രം
സ്തന്യം വിഷംചേര്‍ത്തു മുകുന്ദനേകാന്‍ !
  ---------------------------------

വെണ്ണക്കുടം തച്ചുതകര്‍ത്തു കണ്ണന്‍
മണ്ണില്‍ കുറേ കേളികളാടിടുമ്പോള്‍ ,
അമ്പാടി മക്കള്‍ക്കതു പുണ്യകാലം.
അമ്മയ്ക്കു നെഞ്ചില്‍ക്കുളിരാത്മഹര്‍ഷം !
---------------------------------

അഷ്ട്ടിക്കു വീട്ടില്‍ വകയില്ല തെല്ലും
കഷ്ടത്തിലാസോദരി കേണു നിത്യം
ഇല്ലത്ത് പുണ്യക്ഷയമെന്നു വന്നാല്‍
സൌഭാഗ്യ സംപ്രാപ്തി ഗൃഹത്തിനന്യം !
  ---------------------------------

ഉത്രംപിറന്നുള്ളൊരു യോഗിനീല --
പ്പട്ടാംബരംചുറ്റിയിരിപ്പു മോദം.
അയ്യപ്പദേവസ്തുതി കീര്‍ത്തനങ്ങള്‍
ഭക്തര്‍ക്കു ദു:ഖത്തിനു ശാന്തിയത്രേ!
  ---------------------------------

കണ്ണന്‍റെ മാറത്തൊരു മാലയാകാന്‍
പൂവേ ,നിനക്കെന്തൊരു ഭാഗ്യജന്മം !
വിണ്ണില്‍പ്പിറക്കുന്നതു മോക്ഷഹീനം
മണ്ണില്‍പ്പിറക്കുതൊരാത്മപുണ്യം
---------------------------------

വിണ്ണിന്‍റെ പൊന്‍താരകസൂനമായോ
കണ്ണിന്‍റെ കാഴ്ച്ചയ്ക്കൊരു പൂരമായോ
മാനത്തുവന്നങ്ങുനിരന്നുവല്ലോ
ചേലൊത്ത വിണ്‍നാരികളേവരും ,ഹായ്
  ---------------------------------

ഉണ്ണിയ്ക്കു കൂട്ടിന്നൊരു തോഴനായാ-
വിണ്ണില്‍ തിളങ്ങുന്നൊരു മാമനുണ്ടേ
മണ്ണില്‍ കളിക്കാനവനും വരുന്നൂ
പൊന്നിന്റെ താലപ്പൊലിയേന്തി നില്‍ക്കാം
..................................................... : സനല്‍ ജാതവേദസ് .

Followers

സന്ദര്‍ശകര്‍