Friday 19 October 2012

തിരണ്ടു കുളി 
==============

കരയിലെ കുളിര്‍ക്കാറ്റു 
കടലിനോടോതി പോല്‍ 
മാനത്തെ വിധുവിനു ഋതുവായി 
മൂനാം നാള്‍ മുങ്ങി നിവര്‍ന്ന പെണ്ണ് 
മഞ്ഞളണിഞ്ഞു തെളിഞ്ഞ നേരം 
മാനത്തെ കടവിലെ 
മുകിലിന്റെ കുടിലിലെ 
വെണ്ണിലാ വണ്ണാത്തി പുടവ നല്‍കി
പാതിരാ വീഥിയില്‍
ആതിര നടമാടും
അമ്പിളി ദേവി കുട പിടിച്ചു
മൂവന്തി മുത്തശ്ശി
മുന്നാഴി കുങ്കുമ-
മവളുടെ നെറ്റിയില്‍ ചാര്‍ത്തി പോലും
ആയിരത്തിരി വച്ചു
താരക നാരിമാരാ-
വഴിയീവഴി നിന്നു പോലും
അമ്പാത്ത് വലതു വലതു കാല്‍ വച്ച് കേറി
അവിടെത്തെ ദേവിക്ക് തിരി തെളിച്ചു
നാളികേരം നന്നായി വലതു വച്ചു
നാളെതന്‍ നന്മക്കായ് മുട്ടറുത്തു
അഷ്ടമംഗല്യവുമാര്‍പ്പു വിളിയുമായ്
ആളിമാരൊത്തു ചേര്‍ന്നവളിറങ്ങി
പാലുള്ള മരത്തിന്റെ
കീഴേയായ് ചെന്നിട്ടു
പാലാഴി നെഞ്ചിലെക്കേറ്റു വാങ്ങി
ആ വഴി സീമയിലവളുമൊഴിഞ്ഞു പോല്‍
ആണുങ്ങളെ നിങ്ങളോര്‍ക്ക വേണം
നാളെ തന്‍ അമ്മയായ്
നാടിന്റെ നന്മയായ്
ഞാനിതാ പെണ്ണായി വിടര്‍ന്നിരിപ്പൂ

രാധികാവിലാപം

Tuesday 19 July 2011

കണ്ണാ അറിയുമോ നീ എന്നേ?
ഇത് രാധികയാണ് .
വൃന്ദാവനത്തിലെ കാമിനിവേഷമഴിച്ചുവച്ച്,
യുഗസന്ധ്യകള്‍ക്കിപ്പുറം നില്‍ക്കുന്ന
പ്രേമതപസ്വിനി .!
ഇന്നിത് പ്രേമവൃന്ദാവനമല്ല
നഷ്ടസ്വപ്നങ്ങളുടെ ശമീത ഭൂമിയാണ്‌ .
ഇവിടെയെരിയുന്നത്‌
ദ്വാപരയുഗത്തിലെ ഹോമപീഠങ്ങളിലര്‍പ്പിച്ച ഹവിസ്സല്ല .
പ്രേമപൂര്‍ണതയുടെ ശവപഞ്ചാത്മകങ്ങളാണ് !
ഇന്നിവിടം
ഉര്‍വ്വരതയുടെ ഘനഹരിതാഭ
മരതക കഞ്ചുകമണിയിക്കാത്ത ,
ഊഷരതയുടെ വരണ്ട ഭൂവാണ്‌ !.
ചന്ദനമണമുള്ള മന്ദമാരുത സ്പന്ദനമേല്ക്കാത്ത ,
ഇന്ദീവരനീലിമ സുന്ദരസ്വപ്‌നങ്ങള്‍ കോര്‍ക്കാത്ത ,
വിരഹവൃന്ദാവനമാണ് !
മാകന്ദശാഖികള്‍ മടുമലര്‍ പൊഴിക്കുന്ന
മാര്‍ഗ്ഗഴിയും ,
മാമ്പൂ തിന്നു സ്വരസാധകം ചെയ്യുന്ന
മധുകോകിലങ്ങളുമിവിടെയണയാറില്ല!
ശ്യാമമേഘങ്ങള്‍ വാന നീലിമയിലുലയുമ്പോള്‍ ,
മുളങ്കാടുകള്‍ മധുരാനിലന്‍റെ
അധരപുടങ്ങളിലുടക്കിയുതിരുന്ന
കളനാദ സുഷമയില്‍ ,
ചടുലനടനമാടുന്ന മയൂഖ മിഥുനങ്ങളും
ഈവഴിയണയാറില്ല !
ഗോഷ്ടത്തിലെ ഗോവാടിയിന്നു ശൂന്യമാണ് .
ആരണ്യകം പുല്‍കിയ പൈകിടാങ്ങള്‍
വഴിതെറ്റിപോലുമീവഴിയണയാറില്ല !
നയനതീരങ്ങളില്‍ തളംകെട്ടികിടക്കുന്ന
കണ്ണുനീര്‍ തടാകങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന
ചുടുനിശ്വാസങ്ങലല്ലാതെ,
അഷ്ടപതിയുടെ രതിലയങ്ങളിവിടെ
പുളകച്ചാര്‍ത്തണിയിക്കാറില്ല
യദു കുലകാംബോജി മറന്ന യാദവകുലനാരികള്‍
വിരഹവിഷാദ സുഷുപ്തിയിലാണ് !
എങ്കിലും കണ്ണാ ,
ഈ രാധയിന്നുമുണര്‍ന്നിരിക്കുന്നു !
ഗോഷ്ടസ്വപ്നങ്ങളുടെ പിന്നാമ്പുറങ്ങളില്‍
ഒരു കാലിക്കോലും ഒരു പീലിതുണ്ടും
ഇവള്‍ കരുതി വച്ചിരിക്കുന്നു !
മാധവംപുണരാത്ത ഈ മരുഭൂമിയില്‍
"ധീര സമീരെ " പാടി ഒരു പ്രേമയമുന
അറിയാതെയെങ്കിലുമൊഴുകി വന്നാലോ !
നികുജ്ഞ്ചങ്ങളില്‍ പുഷ്പതല്പമൊരുക്കി
ഒരു മന്ദാനിലന്‍
മധുമാസത്തിന്‍റെ വരവറിയിച്ചു കടന്നു വന്നാലോ ?
കണ്ണാ ,,,അറിയുക
രാധ ഉണര്‍ന്നു തന്നെ ഇരിക്കുന്നു !

പ്രേമതപസ്സു

മാലേയം മണക്കുന്ന മലര്‍തെന്നലും -നല്ല
പ്രാലേയക്കുളിര്‍ ചാര്‍ത്തും പുഴക്കടവും
മഞ്ഞുനീര്‍മുങ്ങുന്ന തെങ്ങോലയും
മഞ്ജുളഹാരമിട്ട വയലേലയും
മഞ്ഞളാടി നില്‍ക്കുന്ന ഗ്രാമഭംഗി --നീ
മുങ്ങിക്കുളിക്കുന്ന കടവില്‍ ,തീരത്ത്
കുഞ്ഞില ചാര്‍ത്തില്‍ നീ ഇന്നലെ നേതിച്ച
മഞ്ഞള്‍ പ്രസാദമിതാര്‍ക്കു വേണ്ടി ?--ഈ
രണ്ജിത ഹാരമിതാര്‍ക്കു വേണ്ടി ?

ഓളങ്ങളിളകുന്ന തീരത്ത് നിന്നു ഞാന്‍ --നിന്‍
ദൂരസൌന്ദര്യമിന്നാസ്വദിക്കെ.
വെന്‍നുര കൈകളാല്‍ നിന്മേനി തഴുകുന്ന
കല്ലോലിനിയൊരു നല്ല സഖി ---അവള്‍
കടകണ്ണ് വെച്ചെന്നെ നോക്കും കല്‍ മണ്ഡപത്തില്‍--ഞാന്‍
അന്യനായ് നിനക്കന്യനായി --നിന്‍റെ
കന്മദപ്പൂങ്കവിളില്‍ കസ്തൂരി ചാര്ത്തിക്കും
കാറ്റാകുമെന്നുടെ കളിത്തോഴന്‍ --അവന്‍
കൂട്ടുകാരൊത്തു ചേര്‍ന്ന് പാട്ടുപാടും - മുളം
കാട്ടിലെ കിളികളെന്നെ കളിയാക്കി
" നീ കൂട്ടുകാരി എന്‍റെ വീട്ടുകാരി "!

കാറ്റോടും വീഥിയില്‍
പാച്ചോറ്റിത്തണലില്‍ ഞാന്‍
സപ്നമാം പൈക്കളെ മേയ്ക്കുമ്പോള്‍ ,
മുഗ്ദഹാസംപൂണ്ടു മൂകമായ് നീങ്ങും നിന്‍
തപ്തനിശ്വാസങ്ങള്‍ ഞാനറിഞ്ഞു --നി ന്‍റെ
കൊച്ചുസ്വപ്‌നങ്ങള്‍ തന്‍ കളിത്തോഴനാവുവാന്‍
എത്രകാലം ഞാന്‍ തപസ്സിരിക്കും ?
ഒട്ടുകാലങ്ങല്‍ക്കൊടുവില്‍ നീ യെമുന്നില്‍
പ്രത്യക്ഷനാകുമ്പോള്‍ ഞാന്‍ മരിക്കും - നിന്‍റെ
തത്വസൌന്ദര്യത്തില്‍ ഞാന്‍ ലയിക്കും !
ഇന്നുതൊട്ടന്നോളമെന്‍റെ ജപമെന്നും - നിന്‍
മൂല മന്ത്രങ്ങളായിരിക്കും --അവ
എന്നില്‍ കവിതകളായിരിക്കും!

പ്രിയേചാരുശീലേ

സുഖ ശായിതേ .... മൃദുകന്യകേ ....
ഒളിവാരിദേ .....
വരൂ വാനിതില്‍ .
കളകോകിലം ഉരിയാടുമീ-
മൊഴിമുത്തുകള്‍ അതിസുന്ദരം
ശലഭാകൃതേ....  ശഭളാവൃതേ .... ....
ശലഭങ്ങളിളകുന്ന നയനസൂനങ്ങള്‍

വിരിയുന്ന മലര്‍വാടി മുഖമോമലേ !
നിറസന്ധ്യ പൂക്കുന്ന കവിളോമലേ ,
ഇളകുന്ന പുരികങ്ങളതികോമളം .


പ്രിയ ചാരുതേ ,,,
നിറവാനതില്‍
തെളിയുന്ന കരിമേഘം മുടിയോമലേ !
അധരങ്ങളോ ....അതിസുന്ദരം ..
അതിനുള്ളില്‍ തെളിയുന്ന കല തിങ്കളോ ?

ചലനങ്ങളോ ....രതിമോഹനം
നയനാമൃതം തരും നടന ലാസ്യം !


ഇളംകാറ്റിലിളകുന്നു തളിര്‍ വള്ളികള്‍ ,
തരുശാഖ തേടുന്നു ശയന മോഹേ !
അത് പോലെ നിന്‍ പ്രിയ കര വല്ലികള്‍
പുണരുവാന്‍ വെമ്പുന്നതാരെ രാവില്‍ ?
പ്രിയദേവതേ ... അണയില്ലയോ............
മദമോഹം പൂക്കുന്ന മലര്‍വാടിയില്‍


(വായിച്ച ശേഷം തെറിപറയാന്‍  വല്ലതും തോനിയാല്‍ മനസ്സില്‍ തെറിപറഞ്ഞു കൊള്ളൂ )

ഒരു പ്രണയപ്രതീക്ഷയില്‍

നിറനിലാവ് പെയ്തിറങ്ങിയ രാത്രികളില്‍
പ്രകാശകണ്ണുകള്‍ ചിമ്മി,
താരകം കാറ്റിനോട് മൊഴിഞ്ഞതും,
കാറ്റു ശലഭങ്ങള്‍ക്ക് കൈമാറിയതും.
ശലഭങ്ങളെന്‍റെ കാതിലോതിയതും
നിന്‍റെ  പ്രണയത്തെ പറ്റിയായിരുന്നു !
ആശയറ്റുറങ്ങിയ രാവുകള്‍ക്കിപ്പുറം
ചന്ദനമണമുള്ള മന്ദമാരുതസ്പന്ദനം കേട്ടു
ഞാനുണര്‍ന്ന പ്രഭാതവും നിന്‍റെ
പ്രണയപ്രതീക്ഷയില്‍ മാത്രമായിരുന്നു
അല്ലായിരുന്നെങ്കിലെന്‍റെ കുഴിമാടമെന്നെ
അസ്ഥി പുല്‍കിക്കിടക്കുമായിരുന്നു

ഒരു പ്രണയ ഗീതം

അന്തിക്ക് മുഖില്‍ മറയില്‍
ചന്ദ്രികപ്പൂ പൊന്‍പ്രഭയില്‍
ചന്ദനകാപ്പ് ചാര്‍ത്തും
സുന്ദരിയാം സ്വര്‍ണമാനെ !

ചന്തമുള്ള നീന്‍റെ മേനി
ചുംബനത്താല്‍ കടഞ്ഞെടുത്ത്
കുങ്കുമം ചാര്‍ത്തി നിര്‍ത്താന്‍
വന്നുവല്ലോ വസന്തമാരന്‍!

ആതിരകള്‍ നടന മാടും
വീഥികളെന്‍റെ സ്വന്തം
കാതരേ കടന്നു വരൂ
പാതിരാ മണിയറയില്‍ !


ചാരുതേ നിന്നെ വായ്താന്‍
ഗീതകങ്ങളേറെ യുണ്ടേ
ശാരികേ നീ അണയൂ
ഇതിലെ ഈവഴിയെ !

അന്തിക്ക് മുഖില്‍ മറയില്‍
ചെമ്പക താഴ്വരയില്‍
ചന്ദന കാപ്പ് ചാര്‍ത്തും
സുന്ദരിയാം സ്വര്‍ണമാനെ !

ശിവ ഭജനം

ചന്ദ്രശേഖര പാര്‍വ്വതീശ,
ഇന്ദുചൂടിയ പന്നഗേശ,
നൊന്തുകേഴുമെന്‍ ,സങ്കടങ്ങളെ
വെന്തു വെണ്ണീറാക്കിടേണേ .

തുംഗമേറിയ വെണ്‍മലയില്‍
അമ്പുവാഹിയെ ജടയിലേന്തി
ഇമ്പമോടെ നടനമാടും
തമ്പുരാനേ തുണയരുളു .

ദുന്ദുഭിതന്‍ ബ്രഹ്മതാളം
നെഞ്ചിനുള്ളിലെ ശംഖനാദം
രണ്ടുമൊന്നായ് ചേര്‍ന്നു വന്നാല്‍
ശങ്കരാ അതു നിന്‍ പദമായ് .

ദുഖങ്ങള്‍ ത്രിവിധങ്ങള്‍
വ്യര്‍തമാകും ജീവിതങ്ങള്‍
അര്‍ത്ഥവത്തായ് തീരുവാനായ്
അദ്രിനാഥ കൃപയരുളു .

കുണ്ടലനിയില്‍ കിടന്നുറങ്ങും
പന്നഗത്തെ നീ ഒന്നുയര്‍ത്തി -
ഷഡ്തലങ്ങള്‍ക്കപ്പുറത്തായ്
കൊണ്ടുവന്നിഹ നടനമാടുക .

ചന്ദ്രശേഖര പാര്‍വ്വതീശ
ഇന്ദുചൂടിയ പന്നഗേശ
നൊന്തുകേഴുമെന്‍ ,സങ്കടങ്ങളെ
വെന്തു വെണ്ണീറാക്കിടേണേ

കര്‍ക്കിടകപ്പാട്ട്

മാരി ചൊരിയുന്നു
മാമരം തുള്ളുന്നു
മലയന്‍റെ പുരയൊക്കെ
മഴയത്തൊഴുകുന്നു!
വിളകൊയ്യാപ്പാടത്ത്
സ്വപ്നം വിതയ്ക്കുന്നു
വിലയില്ലാമോഹങ്ങള്‍
കാവലിരിക്കുന്നു

!
അണ്ടി പിണ്ടി മാങ്ങാത്തോല്
കുണ്ടിലിട്ട വെള്ളെരിക്കാ
ആടിപാടുന്ന വേടന്നു
ആവണിയില്‍ കാണിക്ക .
കാക്കവിളക്കിലെ
കരിന്തിരി നാളം
കാക്കച്ചി കൊത്തീട്ടു
തെക്കോട്ടു പാറുന്നു .
തെക്കേ തൊടിയിലെ
തെക്കോട്ടു ചാഞ്ഞോരാ -
തേന്മാവിന്‍ കൊമ്പുകള്‍
പിന്നെയും മുറിയുന്നു .
ആരോ പുഴയില്‍
പിന്ധമൊഴുക്കുന്നു
ആദ്ധ്യാത്മ രാമായണം
ചിതലു പിടിക്കുന്നു .
പൊന്നോണനാളില്‍
പൂക്കളം തീര്‍ക്കേണ്ടൊരുണ്ണിയ്ക്ക്
പിന്നെയും കണ്ണീരു നല്‍ക്കുന്നു .

കണ്ണീര്‍ക്കഴതിലമ്മ
തണ്ണീര് തേവുന്നു
വിഷമവൃത്തത്തിലച്ഛന്‍
പുലഭ്യം രചിക്കുന്നു.
മേല്‍കൂരയില്ലാത്ത
മോന്തായം നോക്കീട്ടു
മദ്യപാനി ഏട്ടന്‍ സ്വര്‍ഗ്ഗം മെനയുന്നു.
കൌമാര സ്വപ്‌നങ്ങള്‍
കാറ്റിലുലയുമ്പോള്‍ -പെങ്ങള്‍
കരളിലെ സ്വപ്‌നങ്ങള്‍
പണയം പറയുന്നു .
പൂകൈതക്കാട്ടിലെ
പുല്ലാഞ്ഞി മൂര്‍ഖന്‍
പൂലുവപ്പെണ്ണോട്
പുന്നാരമോതുന്നു .
കലികാല വൈഭവം
കാണുവാനാവാതെ
കരവാഴും തമ്പുരാന്‍
കടലു കടക്കുന്നു !
ഒരു കൊച്ചു സ്വപ്നത്തിന്‍
തണലിലിരുന്നു ഞാന്‍
ഒരുനല്ല പൊന്നോണം
വെറുതെ കൊതിക്കുന്നു

വരവേല്‍പ്പിനായ്



ഗുണവാരുണേ......
പ്രിയ കൈരളി ........
അണയുന്നു ഞാന്‍.......അഭിലാഷമായ് .....
മനതാരില്‍ തെളിയുന്ന മോഹങ്ങളായ്
പ്രിയ ചാരുതേ.......
വരവേല്‍ക്കുമോ .....?
ഒരു താലപ്പൊലിയേന്തി വരവേല്‍ക്കുമോ !
തിരുകൈയ്യില്‍ നിറദീപതെളിനാളമായ്
ഗുണശാലിനി ....
അണയില്ലയോ ....
ഞാന്‍ നിന്നില്‍ പദമൂന്നും നിറസന്ധ്യയില്‍
വരകൈരളി ...
വിതറില്ലയോ ...
പ്രിയമേറും വര്‍ണങ്ങളെന്‍ വീഥിയില്‍
കേരങ്ങളെ ......തിറയാടുക
ഞാന്‍ നീങ്ങും പാദകള്‍ക്കിരുഭാഗവും


തിരുവാതിരേ .....
പ്രിയദേവതേ .....
തിരുമുറ്റത്തൊരുകോണില്‍ നീയാടുക
തങ്കക്കസവിന്‍റെ പുടവകള്‍ ഞൊറിചാര്‍ത്തുക
പ്രിയപൂക്കളേ........ മിഴിനീട്ടുക
തിരുവോണപ്പുലരിക്ക് നിറകാഴ്ചയായ്
പൊന്നും കസവിട്ടവയലേല ജതി പാടുക


പ്രിയ മുത്തശ്ശി .....പടിഞ്ഞാറ്റയില്‍
രാമായണാമൃതം കഥ പാടുക
എന്‍ നന്മയെ .......
പൊന്നമ്മയെ ..........
കര്‍ണ്ണികാരത്തിന്‍റെ പൊന്‍ശോഭയായ്
അമ്മയ്ക്കു മുന്നിലൊരു പൊന്‍കാഴ്ചയായ്
അണയുന്നു ഞാന്‍
പ്രിയ കൈരളി
നിറതാലപ്പൊലിയേന്തി വരവേല്‍ക്കുക !!!!

മാധവ പരിവേദനം

അമ്പാടിയില്‍ അക്രൂര വാഹനം
വന്നുനിന്നത് ആരുമറിഞ്ഞില്ല
ഗോപാലവൃന്ദങ്ങള്‍ എം എന്‍ സികളില്‍
ജോലിക്ക് പോയിരിക്കുന്നു
ഗോപികമാര്‍ ചാറ്റിങ്ങിലും ബ്രൌസ്സിങ്ങിലുമൊക്കെയാണ്
പൈക്കലെയെല്ലാം അമ്മ ഇന്നെലെതന്നെ
മമ്മദ് ഇക്കയ്ക്ക് വിറ്റു,
കയറു കൂലി പോലും ചോദിച്ചു വാങ്ങിയതറിഞ്ഞു!
പാന്‍സും ഷര്‍ട്ടും ഇട്ടു ഇറങ്ങിയപ്പോള്‍
യാത്രയയക്കാന്‍ അമ്മയെ കണ്ടില്ല.
"അയല്‍കൂട്ടത്തിന്നു  പോയീന്നു തോനുന്നു "
ചുണ്ടിനു പുറത്തോട്ടൊലിച്ച മുറുക്കാന്‍ചാറു കൈകൊണ്ടൊതുക്കി
നാരാണിയേട്ടത്തി ചിരിച്ചു
രാധികയെ ഫോണില്‍ വിളിച്ചു..
ഏതോ ഫ്രണ്ട് ഓണ്‍ലൈന്‍ ഉണ്ടത്രേ
വന്നിട്ട് കാണാമെന്നു. !
ഗോപികാ വിലാപങ്ങളില്ല
കണ്ണീര്‍ പ്രവാഹങ്ങളില്ല
പടിയിറങ്ങി...
"രാധയെവിടെ ?"
തെങ്ങിന് ചാണകം ഇടാന്‍ വന്ന സുഗതേടത്തി !
ചോദ്യം കേട്ടില്ലെന്നു നടിച്ചു .
വേലിപടര്‍പ്പില്‍ ചകോര മിഥുനങ്ങള്‍
പരസ്പരം നോക്കിയൊന്നു ഇരുത്തി മൂളി
ശുഭ ലക്ഷണം തന്നെ!
ഏതായാലും
പത്തു കായുണ്ടാക്കി തിരിച്ചു
മധുവന സീമയണഞ്ഞപ്പോള്‍ അറിഞ്ഞു
രാധികസ്വയവരം കഴിഞ്ഞത്രേ !
പിന്നിടെപ്പോഴോ വഴിയില്‍ കണ്ട കൂട്ടുകാരനോട്
അവള്‍ മൊഴിഞ്ഞു പോലും
"ഇതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ......"

Followers

സന്ദര്‍ശകര്‍